This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രിയനന്‍ ഉടമ്പടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രിയനന്‍ ഉടമ്പടി

Trianon Treaty

ഒന്നാം ലോകയുദ്ധത്തിനുശേഷം സഖ്യകക്ഷികളും (Allies) കേന്ദ്ര ശക്തികളിലെ (Central Power) അംഗങ്ങളും തമ്മില്‍ ഒപ്പുവച്ച നിരവധി സമാധാനക്കരാറുകളില്‍ ഒന്ന്. ട്രിയനന്‍ ഉടമ്പടി ഹംഗറിയെ സംബന്ധിച്ചുള്ളതായിരുന്നു. 1920 ജൂണ്‍ 4-ന് വെഴ്സയില്‍സിലെ ട്രിയനന്‍ കൊട്ടാരത്തില്‍ വച്ചാണ് കരാര്‍ ഔദ്യോഗികമായി ഒപ്പുവയ്ക്കപ്പെട്ടത്. 1919 സെപ്. 10-ലെ സെന്റ്-ജെര്‍മെയ് ന്‍ ഉടമ്പടിയിലൂടെ ഹംഗറി ആസ്റ്റ്രിയയില്‍ നിന്നും സ്വതന്ത്രമായ രാഷ്ട്രമായി അംഗീകരിക്കപ്പെട്ടിരുന്നു. ഈ രാജ്യത്തെ ആഭ്യന്തര കലാപങ്ങളെത്തുടര്‍ന്നാണ് ഹംഗറിയെ സംബന്ധിച്ച ട്രിയനന്‍ ഉടമ്പടി നടപ്പിലാക്കാന്‍ വൈകിയത്. ദേശീയതയെ അടിസ്ഥാനമാക്കി യൂറോപ്യന്‍ രാഷ്ട്രങ്ങളെ വേര്‍തിരിക്കുകയെന്ന സഖ്യകക്ഷി ശ്രമങ്ങളുടെ ഭാഗമായിരുന്നു ട്രിയനന്‍ ഉടമ്പടിയും. ഭൂപ്രദേശപരമായും ജനസംഖ്യാടിസ്ഥാനത്തിലും ഈ കരാര്‍ പ്രകാരം ഹംഗറിക്ക് വലിയ നാശനഷ്ടങ്ങളുണ്ടായി. ഹംഗറിയുടെ ഭൂപ്രദേശം ഏകദേശം 3,23,750 ച.കി.മീ-ല്‍ നിന്ന് വെറും 93,000- ത്തോളം ച.കി.മീ. ആയി വെട്ടിക്കുറയ്ക്കപ്പെട്ടു. യുദ്ധത്തിനു മുമ്പുണ്ടായിരുന്ന 21 ദശലക്ഷം ജനസംഖ്യ കരാര്‍ പ്രകാരം ചില പ്രദേശങ്ങള്‍ നഷ്ടപ്പെട്ടതോടെ ഏഴര ദശലക്ഷമായി കുറഞ്ഞു. വ്യാവസായിക ശേഷിയുടെ സിംഹഭാഗവും നഷ്ടപ്പെടുകയും ചെയ്തു. കൃഷിഭൂമിയിലും ഏറെ കുറവുണ്ടായി. കാരിരുമ്പ്, തടി എന്നിവയുടെ നിര്‍മാണ വ്യവസായരംഗത്തും ഹംഗറിക്ക് ഏറെ നഷ്ടമുണ്ടാവുകയും ചെയ്തു. ഇതോടൊപ്പം യുദ്ധത്തിലെ നഷ്ടപരിഹാരത്തുകയും നല്‍കേണ്ടിവന്നു. സൈനികശേഷി 35,000 പേരായി കുറവു ചെയ്യാനും ഹംഗറി നിര്‍ബന്ധിതമായി.

(ഡോ.വി.മുരളീധരന്‍ നായര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍